ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം നിരസിച്ച് നടന്‍ ശിവരാജ്കുമാര്‍

ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഗ്ദാനം നിരസിച്ച് നടന്‍ ശിവരാജ്കുമാര്‍. ബെംഗളൂരുവില്‍ നടക്കുന്ന ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളനത്തിലാമ് ഇഷ്ടമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന നിര്‍ദേശം ഡി കെ ശിവകുമാര്‍ ശിവരാജ്കുമാറിന് മുന്നില്‍ വച്ചത്. ഇതൊരു മികച്ച അവസരമാണെന്നും വിട്ടുകളയരുതെന്നും ശിവകുമാര്‍ ശിവരാജ് കുമാറിനോട് പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്നാണ് ഞാന്‍ ശിവരാജ്കുമാറിനോട് പറയുന്നത്. സിനിമയില്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. എന്നാല്‍ ലോകസഭാ അംഗമെന്ന ബഹുമതി അങ്ങനെയല്ല. വീട്ടുപടിക്കല്‍ വന്ന നില്‍ക്കുന്ന ഭാഗ്യത്തെ കൈവിടരുത്- ഡി.കെ ശിവകുമാര്‍ പറഞ്ഞു. അതേസമയം, സിനിമയ്ക്കു പുറത്ത് മറ്റൊന്നിനോടും താല്‍പര്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.

‘നിങ്ങള്‍ക്ക് വിനോദം നല്‍കുക എന്നതാണ് എന്റെ ദൗത്യം. എനിക്ക് അഭിനയമാണ് താല്‍പര്യം. രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്’- ശിവരാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീതാ ശിവരാജ്കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും ശിവ രാജ്കുമാര്‍ വ്യക്തമാക്കി.

Top