ഷെയിനിനെ ‘പൂട്ടാനൊരുങ്ങി’നിര്‍മ്മാതാക്കള്‍! മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പോകും

shane nigam

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ യുവതാരമാണ് ഷെയിന്‍ നിഗം. എന്നാല്‍ ഇപ്പോള്‍ താരം വിവാദങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പ് മുട്ടുകയാണ്.

അതേസമയം ഷെയ്‌നിനെതിരെ നിര്‍മ്മാതാക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ മുടങ്ങിയതിനാല്‍ അതിന്റെ നഷ്ടപരിഹാരത്തുക തിരികെ നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെയും ഒരു അനുകൂല മറുപടിയും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന കാര്യം നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

സമവായ ചര്‍ച്ചകള്‍ നടത്താമെന്ന് അമ്മയും ഫെഫ്കയും അറിയിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ പിന്മാറി. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തി എന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല ഷെയ്ന്‍ മാപ്പ് പറയാതെ ചര്‍ച്ചക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ഷെയ്‌നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചു. കരാര്‍ ലംഘിച്ചതിന് പുറമെ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെ താരത്തിനെതിരെ കേരള ഫിലിം ചേംബറും കടുത്ത നടപടി വേണമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.

Top