ഇനി സിനിമയിലേയ്ക്കില്ല, അത് പ്രയാസകരമായ കാര്യം; ശാലിനി

സിനിമയിലേയ്ക്ക് തിരിച്ചു വരുന്ന എന്ന വാര്‍ത്തകള്‍ തള്ളി നടി ശാലിനി. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സിനിമയിലേയ്ക്ക് മടങ്ങി വരിക പ്രയാസകരമായ കാര്യമാണ്. പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.

പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന് പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ടെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തില്‍ ശാലിനി അഭിനയിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ടാണ് ശാലിനി തിരിച്ചു വരവിനില്ലെന്ന് വ്യക്തമാക്കിയത്.

ബാലതാരമായും നായികയായും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ശാലിനി. പിന്നീട് നായികയായപ്പോള്‍ അതിലേറെ സ്വീകരണമായിരുന്നു ശാലിനിക്ക് ലഭിച്ചത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ അനിയത്തിപ്രാവ്, തമിഴില്‍ അലൈപായുതേ എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം മതി ശാലിനി എന്ന നടിയെ ഓര്‍മിക്കാന്‍. പിന്നീട് സൂപ്പര്‍താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നല്‍കുകയായിരുന്നു നടി.

Top