നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: മലയാള സിനിമാ നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് നിര്യാണം. 2010 ല്‍ ഡബ്ബിങ്ങിന് (കര്‍മയോഗി) സംസ്ഥാനപുരസ്‌കാരം നേടി.

സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു.

കൊച്ചിയില്‍ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മയിലിന്റെ മകനായ റിസബാവയ്ക്ക് ചെറുപ്പം മുതല്‍ നാടകത്തോട് കടുത്ത പ്രണയമായിരുന്നു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

 

 

Top