പ്രിയ സഖാവ് സായിക്ക് പിറന്നാളാശംസകള്‍; ‘വിരാടപര്‍വ’ത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് റാണ ദഗുബട്ടി

പ്രേമം സിനിമയിലെ മലര്‍ മിസ്സിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടി സായ് പല്ലവി.വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ റാണ ദഗുബട്ടി. ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്ന വിരാടപര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് റാണ ആശംസയറിച്ചിരിക്കുന്നത്.

നക്‌സലുകളുടെ കഥ പറയുന്ന സിനിമയാണ് ‘വിരാടപര്‍വം’. സായ് പല്ലവി നായിക വേഷം ചെയ്യുന്ന സിനിമയില്‍ റാണയാണ് നായകന്‍. ഒരു രക്തസാക്ഷി മണ്ഡപത്തിന്റെ താഴെ ഇരിക്കുന്ന സായി പല്ലവിയാണ് പോസ്റ്ററില്‍ കാണുന്നത്. ആശംസകളല്ലാതെ മറ്റൊന്നും സിനിമയെക്കുറിച്ച് റാണ കുറിപ്പില്‍ വിശദീകരിച്ചിട്ടില്ല.

‘വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വിരാടപര്‍വത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് വേണു ഉഡുഗുലയാണ് . റാണയെയും സായ് പല്ലവിയെയും കൂടാതെ പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

സുരേഷ് പ്രൊഡക്ഷന്‍സ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസ് എന്നിവയുടെ ബാനറില്‍ സുധാകര്‍ ചെറുകുറൈയാണ് സിനിമ നിര്‍മിക്കുന്നത്.

Top