തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ചുള്ള വിവാദ പരാമര്‍ശം; നടന്‍ രജനീകാന്തിന് സമന്‍സ്

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ രജനീകാന്തിന് സമന്‍സ്. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ നടന്‍ രജനീകാന്ത് ഹാജരാകണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അര്‍ജുന ജഗദീശന്‍ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.

തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനികാന്ത് രംഗത്തുവന്നത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നുമുള്ള രജനിയുടെ പരാമര്‍ശമാണ് വിവാദമായത്.ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും രജനി പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമന്‍സ്.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലാണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ വ്യവസായവകുപ്പ് നിര്‍ദേശിച്ചെങ്കിലും വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങുക ആയിരുന്നു. തുടര്‍ന്ന് സ്റ്റെറിലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചത്. രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ്.

Top