കൊറോണ; സിനിമ മേഖല സ്തംഭിച്ചു, ഫെഫ്‌സിക്ക് 50 ലക്ഷം സംഭാവന നല്‍കി സ്റ്റൈല്‍ മന്നന്‍

ചെന്നൈ: കൊറോണ വൈറസ് ബാധയോടെ സിനിമാ നിര്‍മാണ മേഖല സ്തംഭിച്ചു. പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ യൂണിയന്‍ വര്‍ക്കേഴ്‌സിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. അതിനാല്‍ കഴിഞ്ഞ ദിവസം സൂര്യയുടെ കുടുംബം 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.ഇപ്പോഴിതാ ഫെഫ്‌സിക്ക് സംഭാവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്.

50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള 25% തുകയും സംഭാവനയായി നല്‍കിയിട്ടുള്ളത് രജനീകാന്താണ്. രാവും പകലും തമിഴ് സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സെലിബ്രിറ്റികള്‍ പിന്തുണയറിയിക്കണമെന്ന പ്രസിഡന്റ് ആര്‍കെ സെല്‍വമണിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സഹായ പ്രവാഹമെത്തിയത്.

നടന്മാരായ വിജയ് സേതുപതി ശിവ കാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്.തമിഴില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സഹായഹസ്തവുമായി താരങ്ങള്‍ രംഗത്തെത്തുന്നുണ്ട്.

കോളിവുഡില്‍ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതില്‍ പ്രധാന സിനിമകള്‍. ഇവയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തുവെച്ചിട്ടുണ്ട്.

Top