‘വിലായത്ത് ബുദ്ധ’യ്‍ക്കായി കാത്ത് ആരാധകര്‍, ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

ടൻ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയൻ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകൻ. ജി ആര്‍ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

പൃഥ്വിരാജ് ‘ഡബിള്‍ മോഹനൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ ചിത്രമായ ‘കാന്താര’യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്.

ഉർവ്വശി തിയേറ്റേഴ്‍സിറെ ബാനറിൽ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഇത് ഒരു ത്രില്ലർ മൂവിയായിരിക്കും .

പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ‘ഭാസ്‌കരന്‍ മാഷാ’യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടുകൂടി ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് തരംഗമായിരുന്നു. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘വിലായത്ത് ബുദ്ധ’ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകൻ ജയൻ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം പി ശിവപ്രസാദ്, എം ആർ പ്രൊഫഷണൽ‌, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

Top