രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല; പിന്തുണച്ച് പ്രകാശ് രാജ്

Prakash raj

ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയെന്ന വിവാദത്തിലകപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രകാശ് രാജ് പറയുന്നത്. രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി.

എന്തുകൊണ്ടാണ് രാഹുലിന്റെ വാക്കുകളെ ഒരു ദിശയില്‍ നിന്ന് മാത്രം നോക്കി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തിയില്ലെന്നുള്ളതും റഫേല്‍ ഇടപാടിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നുള്ളതും സത്യം തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

റഫേലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് നരേന്ദ്രമോദി ഒളിച്ചോടുന്നുവെന്ന് ആരോപിച്ച് രാഹുല്‍ പറഞ്ഞ വാക്കുകളാണ് രാഹുലിനെ വിവാദത്തിലകപ്പെടുത്തിയത്.’56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ ജി, എന്നെ രക്ഷിക്കൂ എന്ന്. എനിക്ക് എന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. രണ്ടര മണിക്കൂറുവരെ സമയമെടുത്തിട്ടും അവര്‍ക്ക് മോദിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചോദ്യങ്ങള്‍ക്ക് അതെ അല്ലെങ്കില്‍ അല്ല എന്ന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല”.

മഹിള എന്ന ഹിന്ദി പദമാണ് ഒരു റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു.

Top