ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാൻ; ‘ആദിപുരുഷ്’ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജൂൺ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്‍ഫ് അലി ഖാനും എത്തുന്നു.

അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. തമിഴിൽ വിജയ്‍യുടെ വരിശും അജിത്തിന്റെ തുനിവും പൊങ്കൽ റിലീസുകളായി എത്തുന്നുണ്ട്. തെലുങ്കിൽ ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യ സംക്രാന്തി റിലീസാണ്. അതിനാലാകാം ആദിപുരുഷിന്റെ റിലീസ് മാറ്റിയതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.

ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൌഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Top