കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട്; ‘സാറ്റർഡേ നൈറ്റ്’ പോസ്റ്റർ

‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ഇന്ന് രാവിലെ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പക്കാ കോമഡി എന്റർടൈനർ ആയി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

സാനിയ ഇയ്യപ്പൻ, സിജു വിത്സൺ, അജു വർ​ഗീസ്, നിവിൻ പോളി, മാളവിക, ​ഗ്രേസ് ആന്റണി തുടങ്ങിയവർ ഒരു കാറിന് മുകളിൽ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ‘സാറ്റർഡേ നൈറ്റ് സുഹൃത്തുക്കളുടെ ബാൻഡ് നിങ്ങൾക്ക് സമർപ്പിക്കുന്നു. സൗഹൃദ സീസൺ തുടരുന്നു. ഈ യാത്ര രസകരവും ഭ്രാന്തും വന്യവുമായിരിക്കും’, എന്നാണ് പോസ്റ്റർ പങ്കുവച്ചു കൊണ്ട് റോഷൻ ആൻഡ്രൂസ് കുറിച്ചിരിക്കുന്നത്.

സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബർ അവസാനവാരം ചിത്രം തിയറ്ററുകളിൽ എത്തും. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Top