വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍

ടോക്യോ ഒളിപിക്സില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. ഫോണില്‍ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താന്‍ ഹൈദരാബാദിലാണെന്നും നേരില്‍ കാണാമെന്നും മോഹന്‍ലാല്‍, ശ്രീജേഷിനോട് പറഞ്ഞു.

എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്. നാട്ടില്‍ എത്തിയപ്പോള്‍ താന്‍ അറിഞ്ഞുവെന്നും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് നടന്‍ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. ശ്രീജേഷിന്റെ വീട്ടില്‍ നേരിട്ടെത്തി ആയിരുന്നു താരത്തിന്റെ അഭിനന്ദനം.

ഒളിപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു പി.ആര്‍. ശ്രീജേഷ്. അതേസമയം, ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനം ആയിട്ടുണ്ട്.

ഈ ഒരു അംഗീകാരം വരും തലമുറയില്‍ ഒളിംപിക്‌സിനെ സ്വപ്നം കാണുന്ന, ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. ഇത്രയും വലിയ അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് നേരത്തെ അറിയിച്ചിരുന്നു.

 

Top