ലാലിന്റെ താരപ്പകിട്ടിന് മങ്ങലേറ്റു, പ്രതിച്ഛായ മിനുക്കാൻ പുതിയ അടവ്

മ്മുടെ നടന്‍ മോഹന്‍ലാല്‍ അങ്ങനെയാണ്. ചില കാര്യങ്ങളില്‍ പ്രതികരിക്കില്ല, മറ്റു ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് തോന്നുമ്പോഴാണ് പ്രതികരിക്കുക.

സംഘപരിവാര്‍ ചായ് വ് തുടങ്ങിയത് മുതലാണ് ഈ സ്വഭാവം ലാലിന് വന്നിട്ടുള്ളത്.

ജനങ്ങള്‍ക്കിടയില്‍ ഒരു സൂപ്പര്‍ താരമെന്ന നിലയില്‍ മോഹന്‍ലാലിനുള്ള സ്വാധീനം ഉപയോഗപ്പെടുത്താന്‍ പി.ആര്‍ കമ്പനികളും സജീവമാണ്.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ലാല്‍ പ്രതികരിച്ചിരിക്കുന്നത് ഇറ്റലിക്കാരനായ വിനോദ സഞ്ചാരിയെ ഇറക്കി വിട്ട സംഭവത്തിലാണ്. തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട സംഭവം തന്നെയാണത്. ഒരു ഇന്ത്യക്കാരനും പ്രത്യേകിച്ച് മലയാളികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്.

ഇറക്കിവിടലല്ല, മാറോട് ചേര്‍ത്ത് അഭയം നല്‍കിയ ചരിത്രമാണ് നമുക്കുള്ളത്. വിനോദ സഞ്ചാരികള്‍ ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ കാണുന്നത് ആ നന്മ കണ്ടു കൂടിയാണ്.

ഇറ്റലിയില്‍ നിന്നും വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് മുറി കൊടുക്കാത്ത ഹോട്ടലുകളും ചെയ്തത് വലിയ തെറ്റാണ്. അതുപോലെ തന്നെയാണ് തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്ത് എത്തിയ അര്‍ജന്റീനക്കാരിയെ രാത്രി, റോഡിലിറക്കിവിട്ട സംഭവവും. ഇതു പോലെ നിരവധി സംഭവങ്ങളാണിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം ചെയ്യുന്നത് കൊറോണ ഭീതിയിലാണ്.വിദേശികളും മനുഷ്യരാണ് എന്ന ബോധം ഇറക്കി വിടുന്നവര്‍ക്കും ആദ്യം വേണം. വിദേശ രാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ധാരാളം ജോലി ചെയ്യുന്നുണ്ട്. സമാനമായ രീതിയില്‍ ആ രാജ്യങ്ങളിലെ ജനങ്ങളും പെരുമാറിയാല്‍ എന്താകും സ്ഥിതി ? എല്ലാ വിദേശികള്‍ക്കും കൊറോണയാണെന്ന ബോധമാണ് ഇവിടെ തിരുത്തപ്പെടേണ്ടത്.

രോഗമുള്ളവരെ പരിശോധനയിലൂടെ കണ്ടെത്തി അതിന് ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടത്. ലോകം ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായമാണ് തേടേണ്ടത്.വിദേശികളെ ഇറക്കിവിട്ടവര്‍ക്ക് അതെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ മനുഷ്യന്റെ ദുഷ്ട മനസ്സാണ് ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നെത്തി രോഗമില്ലാതിരുന്നിട്ടും സ്വയം ക്വാറന്റീനില്‍ പോയ ആളെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടതും ഞെട്ടിക്കുന്ന സംഭവം തന്നെയാണ്. ഇത്തരം കാടന്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ടത് നാളെ നിങ്ങള്‍ക്കും വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യമാണ്. സകല പ്രതിരോധങ്ങളും മറികടന്നാണ് കൊലയാളി വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ ചെയ്തതു പോലെ മറ്റു ഘട്ടങ്ങളില്‍ രോഗബാധിതര്‍ക്ക് ചികിത്സ നല്‍കുക എന്നത് പോലും വലിയ ഒരു സാഹസമാണ്. സ്വയം ജാഗ്രത പാലിക്കുക എന്നതു മാത്രമാണ് നമ്മുക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിരോധ മാര്‍ഗ്ഗം. അതിന് വിദേശികളെ ആട്ടി പായ് പ്പിച്ചിട്ട് ഒരു കാര്യവുമില്ല. സംശയമുള്ളവരെ കൂടി ക്വാറന്റീന്‍ ചെയ്യിപ്പിക്കാനുള്ള സാഹചര്യമാണ് നാം ഉണ്ടാക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായമാണ് ഇതിനായി തേടേണ്ടത്.

ഒരു വൈറസിനും വിദേശിയെന്നോ, സ്വദേശിയെന്നോ വകഭേദമില്ലന്ന കാര്യം കൂടി എല്ലാവരും ഓര്‍ത്തുകൊള്ളണം.

കൊറോണ ഭീതി ഈ സംസ്ഥാനത്ത് ഏറ്റവും അധികം വിതച്ചത് വിദേശികളല്ല, ഒരു മലയാളി കുടുംബമാണ്. ഈ യാഥാര്‍ത്ഥ്യവും നാം മറന്നു പോകരുത്.

അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ലന്നും അവര്‍ ഈ നാടിനു വേണ്ടി സ്വയം അടയ്ക്കപ്പെട്ടവരാണെന്നും മോഹന്‍ലാല്‍ പറയുന്നത് നൂറ് ശതമാനവും ശരിയാണ്. എന്നാല്‍ വലിയ പിഴവ് സ്വയം വരുത്തിവച്ചാണ് ലാല്‍ ഇത് പറഞ്ഞതെന്ന കാര്യം കൂടി, ഈ ഘട്ടത്തില്‍ പറയാതിരിക്കാന്‍ വയ്യ.

അടച്ചിട്ട വീട്ടില്‍ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ മാസങ്ങളോളം താമസിപ്പിച്ച രജിത്ത് കുമാറിനെ തുറന്ന് വിട്ടത് തന്നെ, ഈ മോഹന്‍ലാലാണ്.

ബിഗ് ബോസ് എന്ന പരിപാടി നിയന്ത്രിക്കുന്ന ലാലിന്റെ അപക്വമായ ആ തീരുമാനമാണ് വിമാനതാവളത്തില്‍ അസാധാരണ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നത്.ബിഗ് ബോസിന്റെ സകല നിയമാവലിയും തെറ്റിച്ചുള്ള ഏകപക്ഷീയമായ ഒരു പുറത്താക്കലായിരുന്നു അത്. ഇതിലുള്ള പ്രതിഷേധമാണ് കൊച്ചി വിമാനതാവളത്തില്‍ രജിത് കുമാറിന്റെ ആരാധകരും തീര്‍ത്തത്.

കൊറോണ ബാധിച്ച വ്യക്തി കയറിയ വിമാനം തിരിച്ചിറക്കിച്ച, അതേ ദിവസം തന്നെയാണ് അസാധാരണമായ ഒത്തുചേരല്‍ വിമാനത്താവളത്തില്‍ നടന്നത്.

രോഗഭീതി പടര്‍ത്തുന്ന വലിയ ഭീഷണിയാണിത്. കേരളത്തെ ഏറെ ഭയപ്പെടുത്തുന്നതും ഈ ഒത്തുചേരലാണ്. ഈ സംഭവത്തിന് വഴി ഒരുക്കുന്നതില്‍, പ്രധാന പങ്കുവഹിച്ച ലാലാണ് ഇപ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കാനെത്തിയിരിക്കുന്നത്.

രജിത് കുമാറിനെ പുറത്താക്കുമ്പോള്‍, കൊറോണയാണ്, സൂക്ഷിച്ച് വീട്ടില്‍ പോകണമെന്ന നിര്‍ദ്ദേശം പോലും ലാല്‍ നല്‍കിയിട്ടില്ല. അവിടെ ‘പച്ചമുളകിന്റെ’ മഹാത്മ്യമാണ് മോഹന്‍ലാല്‍ വിളമ്പിയിരിക്കുന്നത്.

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് രജിത് കുമാറിനാണ് എന്ന് ശരിക്കും ബോധ്യമുള്ള വ്യക്തിയാണ് നടന്‍ മോഹന്‍ലാല്‍.

ഈ പരിപാടിയില്‍ നീതികേട് കാണിച്ചാല്‍ അതിനെ അദ്ദേഹത്തിന്റെ ആരാധകര്‍ ചോദ്യം ചെയ്യുമെന്നും ലാലിന് ശരിക്കും അറിയാം. എന്നാല്‍ ഇവിടെ ബിഗ് ബോസ് സംഘാടകര്‍ നല്‍കുന്ന കറന്‍സികെട്ടുകളില്‍ മാത്രമാണ് ലാല്‍ ശ്രദ്ധിച്ചിരിക്കുന്നത്. അതു കൊണ്ടാണ് രജിത് കുമാറിനെ തുറന്ന് വിട്ടതും.

വിമാനത്താവളത്തില്‍ രജിത് കുമാര്‍ ആരാധകര്‍ സംഘടിച്ചതും കൊറോണ ഭീതി നാട്ടില്‍ പടര്‍ന്നതും ഈ നിലപാട് മൂലമാണ്.

രജിത് കുമാറിനും ആരാധകര്‍ക്കും എതിരെ മാത്രമല്ല, ലാലിനും ഏഷ്യാനെറ്റിനും എതിരെയും കേസെടുക്കേണ്ട സാഹചര്യമാണിത്.

കൊറോണയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തനിക്കറിയില്ലായിരുന്നു എന്നാണ് രജിത് കുമാര്‍ ഇപ്പോള്‍ പറയുന്നത്. ഏത് കോടതിയും കേള്‍ക്കുന്ന വാദമാണിത്. അടച്ചിട്ട വീട്ടില്‍ മാസങ്ങളോളം കഴിഞ്ഞ ഒരു വ്യക്തി സ്വാഭാവികമായും ഇങ്ങനെ തന്നെയാണ് പറയുക. ഈ വെളിപ്പെടുത്തലും പ്രതിക്കൂട്ടിലാക്കുന്നത് ലാലിനെയും ഏഷ്യാനെറ്റിനെയുമാണ്.

രജിത് കുമാറിനെ പുറത്താക്കിയതും അദ്ദേഹത്തെ സ്വീകരിച്ചതും, കേസെടുത്തതും എല്ലാം ബിഗ് ബോസിന്റെ പബ്ലിസിറ്റിക്കായാണ് ചാനല്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ്സിന്റെ അനീതിയുടെ കണ്ണാണ് വാര്‍ത്തകളുടെ പോസ്റ്റുകളിലെല്ലാം തെളിയുന്നത്.

വലിയ ഭീഷണി സമൂഹത്തിന് ഉയര്‍ത്താന്‍ കാരണക്കാരായ, ഇത്തരക്കാരാണിപ്പോള്‍
‘നല്ല പിള്ള’ ചമയാന്‍ ശ്രമിക്കുന്നത്.

നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കുന്നതിനായുള്ള പൊറാട്ട് നാടകമാണിത്. ഈ യാഥാര്‍ത്ഥ്യമാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടത്. മുന്‍പും അവസരവാദിയായാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

കൈരളി ചാനല്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കാതെ ഒളിച്ചോടിയവന്‍ പിന്നീട് കാവി പുതയ്ക്കുന്നതാണ് കേരളം കണ്ടത്. സംഘ പരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ചാണ് ഇപ്പോഴത്തെ ലാലിന്റെ പ്രവര്‍ത്തനം. ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാക്കള്‍ അംഗങ്ങളായ ട്രസ്റ്റിന്റെ രക്ഷാധികാരിയും ഈ സൂപ്പര്‍ താരമാണ്. നോട്ട് നിരോധനത്തില്‍ മോദിയെ പുകുഴ്ത്തുന്ന നാവ് പൗരത്വ ഭേദഗതിയിലാകട്ടെ നിശബ്ദവുമാണ്.

മോഹന്‍ലാലിന്റെ മിക്ക പ്രതികരണങ്ങള്‍ക്കും മൗനങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങളാണുള്ളത്. ഇപ്പോഴത്തെ പ്രതികരണത്തില്‍ പോലും അതുണ്ട്. ബിഗ് ബോസില്‍ നിന്നും രജിത് കുമാറിനെ പുറത്താക്കിയതിലൂടെ ഉണ്ടായ പ്രതിച്ഛായ നഷ്ടം തിരികെ പിടിക്കാനുള്ള ശ്രമം കൂടിയാണിത്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താനൊരു വലിയ നടനാണെന്നാണ് ഇതോടെ മോഹന്‍ലാല്‍ വീണ്ടും തെളിയിച്ചിരിക്കുന്നത്.

Express View

Top