സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ പോലീസിനുമുന്നില്‍ ഖേദപ്രകടനം നടത്തി

ചെന്നൈ: സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ പോലീസിനുമുന്നില്‍ ഖേദപ്രകടനം നടത്തി. തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു.

വിജയ് നായകനായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെയാണ് മന്‍സൂര്‍ അലി ഖാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന്‍ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മന്‍സൂര്‍ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നു.

നടന്മാരായ ചിരഞ്ജീവി, നിതിന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.ഇപ്പോള്‍ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യംതേടി സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കുന്നതിനുമുമ്പ് പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായി.

 

Top