മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാനൊരുങ്ങി മമ്മൂട്ടി

ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരിയാണ് മോളി കണ്ണമാലി. നിരവധി കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രശസ്തി നേടിയ താരം ഇപ്പോള്‍ ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് രോഗ ശയ്യയിലാണ്. രോഗാവസ്ഥയില്‍ കഴിയുന്ന മോളിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിയെ കാണാന്‍ എത്തിയപ്പോഴാണ് മമ്മൂട്ടി തന്നെ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത കാര്യം മോളി പറഞ്ഞത്. മമ്മൂട്ടി സാറിന്റെ പിഎ വിളിച്ചിരുന്നു. സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍ അങ്ങോട്ട് പോകുമെന്ന് മോളി പറഞ്ഞു.

ശരീരത്ത് ഇപ്പോഴും സ്വര്‍ണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയിലൂടെ പറയുന്നു.

Top