നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ച് നടൻ കൃഷ്ണകുമാര്‍

നിയമസാഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാടും സ്ഥാനാര്‍ത്ഥികളും ഓരോ പാര്‍ട്ടികളും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ പാര്‍ട്ടിയുടെയും ദേശീയ നേതാക്കളും സംസ്ഥാനത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരത്തെ കുറിച്ച് പറയുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു ഇന്നലെയെന്നാണ് കൃഷ്ണകുമാര്‍ കുറിക്കുന്നത്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓരോ നിമിഷവും ജീവിതത്തില്‍ വലുതാണ്.. എല്ലാ ദിവസവും വളരെ നല്ലതുമാണ്.. എന്നാല്‍ ചില ദിവസങ്ങള്‍ക്കു ഒരു പ്രത്യേകത ഉണ്ടാവും.. നമുക്ക് മറക്കാനാവാത്തതും, എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രില്‍ 2, വെള്ളിയാഴ്ച. എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാര്‍ത്ഥനയുടെ ഫലമോ…? അറിയില്ല. പ്രധാനമന്ത്രി മോഡിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു.

അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാര്‍ത്തിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യക്കാതെ കുറിച്ച് എന്നെ ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്പോള്‍ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസ്സില്‍ ഇത് നടത്തണമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു, കാര്യങ്ങള്‍ അവതരിപ്പിച്ചു.

ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി സേവിയര്‍ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാര്‍ എന്നിവരുമായി നല്ല സൗഹൃദവുമായി. ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജില്‍ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അന്നൗന്‍സ്‌മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളില്‍ തട്ടിക്കൊണ്ടു സ്‌നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷില്‍ ചോദിച്ചു, ‘ഞാന്‍ എന്ത് ചെയ്തു സഹായിക്കണം?’ മറുപടിയായി ഞാന്‍ പറഞ്ഞു ‘ഇതൊന്നു നടത്തി തരണം ‘… നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാന്‍ പോയി.

തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാന്‍ നേരം അത്ഭുതമെന്നോണം വീണ്ടും സ്‌നേഹത്തോടെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു.. ‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ് ജോബ്..’ സ്വപനതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സില്‍ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്നമായ ഹാര്‍ബര്‍ നടന്നു കാണണം.

അതിന്റെ ഉദ്ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്രമോഡി ഉണ്ടാവണം.. സ്റ്റേജില്‍ എനിക്കും ഇടമുണ്ടാവണം. സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാര്‍ത്ഥമായി മനസ്സില്‍ ആഗ്രഹിച്ചാല്‍ പ്രകൃതി നിങ്ങള്‍ക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഓര്‍ത്തു പോയി… ദൈവത്തിനു നന്ദി.. എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കും കുടുംബത്തിനും മുന്‍കൂര്‍ ഈസ്റ്റെര്‍ ആശംസകള്‍ നേരുന്നു..

 

Top