ജോജുവിനെ തടഞ്ഞാല്‍ അടിപൊട്ടുമെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് !

ടന്‍ ജോജു ജോര്‍ജ്ജിനെ ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. ജോജുവിനെ തടഞ്ഞാല്‍ നേരിടാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി അനൂപാണ്. സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിലപാട് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മറ്റി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമും ജോജു ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു.

കൊച്ചിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ജോജുവിന്റെ തൃശൂര്‍ മാളയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചിലാണ് ജോജുവിനെതിരെ ഭീഷണി ഉയര്‍ന്നിരുന്നത്. നിലവില്‍ പൊലീസിന്റെ സംരക്ഷണം ജോജുവിന്റെ വീടിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഡി.വൈ.എഫ്.ഐ കൂടി ഇടപെടുന്നതോടെ വിഷയം സങ്കീര്‍ണ്ണമാകുവാനാണ് സാധ്യത.

ഒരു കാലത്ത് കരുണാകരന്റെ തട്ടകമായ മാളയില്‍ നിലവില്‍ ശക്തമായ സംഘടനാ സംവിധാനം ഡി.വൈ.എഫ്.ഐക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ജോജുവിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ്സ് നടത്തിയാല്‍ അടി പൊട്ടുമെന്നാണ് ഇന്റലിജന്‍സും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ജോജുവിനെ മാളയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് വിലക്ക് ഇപ്പോഴും നിലവിലുണ്ട്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐയും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

‘പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ ജോജുവിനെ സ്വന്തം നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലന്നുമാണ് ഡി.വൈ.എഫ്.ഐ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കുമെന്നാണ് സംഘടനാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിര്‍ദ്ദേശം കീഴ് ഘടകങ്ങള്‍ക്കും ഡി.വൈ.എഫ്.ഐ നേതൃത്വം കൈമാറിയിട്ടുണ്ട്.

അതായത് ഇനി ജോജുവിനെ എങ്ങാന്‍ തൊട്ടാല്‍ ‘കളി ‘ മാറുമെന്ന് വ്യക്തം. അതേസമയം ജോജുവിന്റെ വാഹനം തല്ലിതകര്‍ത്ത സംഭവത്തില്‍ പൊലീസും നടപടി കടുപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തെ വെട്ടിലാക്കുന്ന നീക്കമാണിത്. പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സമരമാണിപ്പോള്‍ യു.ഡി.എഫിനു തന്നെ തിരിച്ചടിയായിരിക്കുന്നത്.

EXPRESS KERALA VIEW

Top