ജോജു കേസ്; നേതാക്കള്‍ ഫോണ്‍ ഓഫാക്കി മുങ്ങി, വെട്ടിലായി പാര്‍ട്ടി നേതൃത്വവും പൊലീസും

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത കേസിലെ രണ്ടു പ്രതികള്‍ ഇനിയും കീഴടങ്ങിയില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനും മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസുമാണ് ഇനി കീഴടങ്ങാനുള്ളത്.

അടുത്തയാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കെയാണ് ഷാജഹാന്‍ സമരത്തില്‍ പങ്കെടുക്കുന്നതും പൊലീസ് പ്രതിപ്പട്ടികയിലാക്കുന്നതും. അറസ്റ്റ് ഉറപ്പായതോടെ മാറി നില്‍ക്കാനായി ജില്ലവിട്ട ഷാജഹാനൊപ്പമാണ് അരുണ്‍ വര്‍ഗീസും ഉള്ളത്. ഇരുവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ കീഴടങ്ങല്‍ തീരുമാനം പ്രഖ്യാപിച്ച ശേഷം ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്ന മുറയ്ക്കു ഹാജരാകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്.

കേസിലെ ഒന്നാം പ്രതി ടോണി ചമ്മണി ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രകടനമായെത്തി സ്റ്റേഷനില്‍ കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം നേതൃത്വം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇരുവരും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം കീഴടങ്ങിയ നാലു പേര്‍ ഉള്‍പ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. എന്നാല്‍ രണ്ടു പ്രതികള്‍ കീഴടങ്ങാനുള്ളത് ജാമ്യം ലഭിക്കുന്നതിനു തടസമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ ആദ്യം പിടിയിലായ ജോസഫ് ജോര്‍ജിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മറ്റു പ്രതികള്‍ പിടിയിലാകാനുള്ളതിനാല്‍ ജാമ്യം നല്‍കരുത് എന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

രണ്ടു പേര്‍ കൂടി പിടിയിലാകാനുള്ളത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന് ഇന്നും കോടതിയോട് അഭ്യര്‍ഥിച്ചേക്കും. ഇതിനിടെ പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയാല്‍ കേസില്‍ അനുകൂല തീരുമാനത്തിനും സാധ്യതയുണ്ട്. നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതിനു തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Top