ജോജു കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി, പകരം ചോദിക്കുമെന്ന് ഭീഷണി !

കൊച്ചി: കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങിയത്. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലാണ് നേതാക്കള്‍ ഹാജരായത്.

ടോണിക്കു പുറമേ കേസിൽ പ്രതി ചേർത്തിട്ടുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജർജസ്, അരുൺ വർഗീസ് എന്നിവരാണ് കോടതിയിൽ ഹാജരായത്. ഡിസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് ഇവർ കീഴടങ്ങിയത്.

നടന്‍ ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി പറഞ്ഞു. പരാതി വ്യാജമാണ്. പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമം അട്ടിമറിച്ചത് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് പ്രകടനം പൊലീസ് തടഞ്ഞു. വന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു കീഴടങ്ങല്‍.

സ്വകാര്യ വ്യക്തികളുടെ സ്വത്തിനു സംരക്ഷണം നല്‍കുന്നതിനു 2019ല്‍ പാസായ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിലാകുന്ന പ്രതികളെ റിമാന്‍ഡ് ചെയ്യും.

Top