വിവാദങ്ങള്‍ക്ക് പിന്നാലെ ജോജു ജോര്‍ജിനെ സോഷ്യല്‍ മീഡിയയില്‍ നിന്നും കാണാതായി

കൊച്ചി: വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കാണാതായി. ഹാക്ക് ചെയ്തതാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അക്കാര്യം ജോജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി നിഷേധിച്ചു. ജോജുവിന്റെ നിര്‍ദേശപ്രകാരമാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്ന് അവര്‍ അറിയിച്ചു.

തനിക്ക് ഇനിമുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന്‍ ഡീലിറ്റ് ചെയ്തത്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.

നേരത്തെ, ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. താരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കേസും കൊടുത്തിരുന്നു.

എന്നാല്‍, ജോജു ജോര്‍ജിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവുമില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോജുവിന്റെ വാഹനം നശിപ്പിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജോജുവിനെതിരായ പരാതിയില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. അതില്‍ സത്യാവസ്ഥ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ കാര്‍ തകര്‍ത്തതിനെതിരെ നല്‍കിയ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകും.

Top