ജോജുവിനെതിരായ അതിക്രമം; കൂടുതല്‍ നേതാക്കള്‍ കുടുങ്ങും, നിലപാട് കടുപ്പിച്ച് പൊലീസ്

കൊച്ചി: കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ജോജുവിന്റെ പരാതിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ കൂടുതല്‍ നേതാക്കളെ പ്രതിചേര്‍ക്കും. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.

ജോജുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇന്ന് മൊഴിയെടുക്കും. വാഹനം ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച ശേഷമാകും ആവശ്യമെങ്കില്‍ കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കുക.

ജോജു വനിതാ പ്രവര്‍ത്തകരോടു മോശമായി സംസാരിച്ചെന്ന മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കില്‍പെട്ട നടന്‍ ജോജു സമരക്കാര്‍ക്കെതിരെ പ്രതികരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇന്നലെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.

ഇതിനിടെ, ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകര്‍ത്തു. അദ്ദേഹത്തിനു ചെറുതായി പരുക്കേറ്റു. ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു.

Top