വാഹനം തല്ലിത്തകര്‍ത്തു, അസഭ്യവര്‍ഷവും; കോണ്‍ഗ്രസ് നേതാവിനെതിരെ ജോജു

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വഴിതടയല്‍ സമരത്തിനിടെ കാര്‍ തകര്‍ത്ത കേസില്‍ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നല്‍കരുതെന്ന് നടന്‍ ജോജു ജോര്‍ജ് കോടതിയില്‍.

കൊച്ചിയില്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരെ നടന്ന റോഡ് ഉപരോധത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു നടന്റെ വാഹനം തകര്‍ത്തത്. കാറിന്റെ ഡോര്‍ ബലമായി തുറന്ന സമരക്കാര്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തിയെന്ന് ജോജു കോടതിയില്‍ പറഞ്ഞു. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു. തനിക്കെതിരായ ആരോപങ്ങള്‍ തെറ്റാണെന്നും താരം വ്യക്തമാക്കി.

പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. കേസില്‍ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

എന്നാല്‍, പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസഫ് വാദിച്ചു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്നും പ്രതി വാദിച്ചു.

അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇന്ന് രാവിലെയാണ് ജോജു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

Top