കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധം; വന്‍ ഗതാഗതക്കുരുക്ക്, പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്

കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ രോഷ പ്രകടനം. അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം. ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പടെ 1500 ഓളം വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് കോണ്‍ഗ്രസ് സമരം. അതേസമയം വലിയ വാഹനങ്ങള്‍ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയില്‍ നിന്ന് വഴിതിരിച്ചു വിട്ടു.

 

 

Top