വാഗമൺ ഓഫ് റോഡ് റേസിങ്: നടന്‍ ജോജു ജോർജിന് പിഴ

ഇടുക്കി: വാഗമണിൽ അനുമതിയില്ലാതെ ഓഫ് റോഡ് റേസിങ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജ് പിഴയടച്ചു. മോട്ടോര്‍ വാഹന വകുപ്പാണ് നടന് പിഴയിട്ടത്. 5000 രൂപയാണ് പിഴ. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതിയില്ലാത്ത റേസില്‍ പങ്കെടുത്തതിനുമാണ് പിഴ.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍.ടി.ഒ ജോജുവിന് നോട്ടീസ് അയച്ചിരുന്നു.

അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തത്. എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ ആർക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയത്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് പിഴ ചുമത്തി കേസ് അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയില്‍ പങ്കെടുത്ത 12 പേര്‍ക്കും വാഗമണ്‍ പൊലീസ് നോട്ടീസയച്ചു. ഇതിൽ നാലുപേര്‍ നേരത്തെ ജാമ്യമെടുത്തിരുന്നു.

കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടന്‍ ഓഫ് റോഡ് റേസിങ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Top