ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല പ്രതിഷേധിക്കേണ്ടത്: രോഷാകുലനായി നടന്‍ ജോജു

ഞാനിവിടെ കിടന്ന് ചത്തു പോയാല്‍ എന്തു ചെയ്യും’ റോഡ് തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടന്‍ ജോജു ജോര്‍ജ് രോഷത്തോടെ ചോദിച്ച ചോദ്യമാണിത്. ‘ ഇന്ധനവില വര്‍ധനയുടെ അത്രയും പ്രശ്നമല്ല ആളുകള്‍ കുറച്ചുസമയം റോഡില്‍ കിടക്കുന്നത് ‘ എന്നുപറഞ്ഞ ഡിസിസി പ്രസിഡന്റിന്റെ വാക്കുകളാണ് താരത്തെ ചൊടിപ്പിച്ചത്.

രോഗബാധിതരും പരീക്ഷയ്ക്ക് പോകുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. എല്ലാവരും വിയര്‍ത്ത് ഇരിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ, കാറിനകത്ത് എസിയിട്ടാണ് ആളുകള്‍ ഇരിക്കുന്നത്, എന്നിട്ടാണോ പെട്രോള്‍ വില കുറയ്ക്കാന്‍ സമരം ചെയ്യുന്നത്.’ രോഷത്തോടെജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചോദിച്ചു.

പൊലീസ് പറഞ്ഞിട്ടുപോലും സമരക്കാര്‍ കേള്‍ക്കുന്നില്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്, അതല്ലാതെ, ജനങ്ങളെ ബുദ്ധിമുട്ടിച്ചാവരുത്. ഇതിനര്‍ത്ഥം ഡീസലിനും പെട്രോളിനും വില കൂടിയതില്‍ ഒരു പ്രശ്നവും ഇല്ലെന്നല്ല, ഇതല്ലല്ലോ ഇതിന്റെ സിസ്റ്റം. ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ? കുട്ടികളെ അടക്കം തടഞ്ഞിട്ടിരിക്കുകയാണ്. ഒരു പാര്‍ട്ടിക്കും താന്‍ എതിരല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തില്‍ ചെയ്യരുതെന്നും ജോജു തുറന്നടിച്ചു.

ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ എന്നാണ് ജോജുവിനൊപ്പം കൂടിനിന്ന നാട്ടുകാരും ചോദിക്കുന്നത്. മണിക്കൂറുകളായി ഞങ്ങളെ ഇവിടെ തടഞ്ഞിട്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. കീമോ ചെയ്തിട്ട് ആശുപത്രിയില്‍ കാത്തിരിക്കുന്നവരെ കൂട്ടാന്‍ പോകുന്നവര്‍, പരീക്ഷ എഴുതാന്‍ പോകുന്നവര്‍, അസുഖബാധിതര്‍ എന്നിവരും സമരത്തില്‍പ്പെട്ടു പോയിട്ടുണ്ട്.

ഇന്ധന വിലവര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെയുള്ള നടന്‍ ജോജു ജോര്‍ജിന്റെ ഈ രോഷ പ്രകടനം മാസ്സായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ച പ്രതികരണമായിരുന്നു ഇത്. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയിരുന്നത്. ഇതുമൂലം ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിട്ടത് ജോജുവിനെ സംബന്ധിച്ച് നേട്ടമായി മാറി. അതേസമയം, ജോജുവിന്റെ വാഹനം കേടുവരുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Top