മാഞ്ഞൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസവുമായി നടന്‍ ജയസൂര്യ

കൊച്ചി : പ്രകൃതി ക്ഷോഭത്തില്‍ ദുരിതത്തിലായ എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് നടന്‍ ജയസൂര്യ സന്ദര്‍ശിച്ചു.

ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ, കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

വെള്ളം കയറി അലങ്കോലമായ വീടുകള്‍ ശുചിയിക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു. ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി.

കാലവര്‍ഷക്കെടുതിയില്‍ മലയാളികള്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

സഹോദരന്മാരായ കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. താര സംഘടനയായ അമ്മ ആകെ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.

മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്ത് വന്നിരുന്നു.

പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവുന്ന വിധം എല്ലാവരും സഹായം നല്‍കണമെന്ന് നടന്‍ വിനായകനും
ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് വിനായകന്‍ പറഞ്ഞു. യുട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചത്.

അതേസമയം തമിഴ്‌നാട്ടുകാര്‍ക്കുള്ള സ്‌നേഹം പോലും മലയാളി നടന്മാര്‍ക്ക് കേരളത്തോട് ഇല്ലാത്തതില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

Top