റിയാസില്‍ വിശ്വാസമുണ്ട്, പരാതിക്ക് ഉടന്‍ പരിഹാരമാണ് പോളിസി; നല്ല റോഡുകള്‍ ഇനിയുണ്ടാകുമെന്ന് ജയസൂര്യ

തിരുവനന്തപുരം: റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടന്‍ ജയസൂര്യ. അങ്ങനെയാണ് എങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ കീഴില്‍ നല്ല റോഡുകള്‍ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണ്. ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വച്ച് അപ്പോ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം. മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചില്‍ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും, ടോളുകള്‍ക്ക് നിശ്ചിത കാലാവധി വയ്ക്കണമെന്നും താരം അഭിപ്രായപ്പെട്ടു.

Top