സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്

ടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ തലചുറ്റി വീണ താരത്തിന്റെ തലയ്ക്ക് പിറകില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ അല്‍പ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടെന്ന് തല കറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പമൊന്നുമില്ല. തലയ്ക്ക് പിറകില്‍ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും-ജയസൂര്യ പറഞ്ഞു.

കഴിഞ്ഞ തൃശൂര്‍ പൂരത്തിനായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. പുല്ലു ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാജേഷ് മോഹനാണ് സംവിധാനം.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിനു ശേഷം തൃശൂര്‍ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Top