അന്തരിച്ച മുൻമന്ത്രി ടി.എച്ച്. മുസ്തഫയെ അനുസ്മരിച്ച് നടൻ ജയറാം

കൊച്ചി : അന്തരിച്ച മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് നടൻ ജയറാം. ടി.എച്ച്. മുസ്തഫയെപ്പോലുള്ള മഹാരഥന്മാരോടൊപ്പം ജനിച്ച് വളർന്ന് ജീവിക്കാനായത് തന്റെ മഹാഭാ​ഗ്യമാണെന്ന് നടൻ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി ചുമരെഴുതാനും കൊടിപിടിക്കാനുമൊക്കെ താൻ നടന്നിട്ടുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു.

‘ഞാൻ ജനിച്ച എന്റെ പെരുമ്പാവൂരിൽ എനിക്ക് ഓർ‍മവെച്ച കാലം തൊട്ട് കാണുന്ന മഹാരഥന്മാരാണ് മുസ്തഫ സാർ, തങ്കച്ചൻ സാർ എന്നിവരൊക്കെ. കുട്ടിക്കാലം തൊട്ട് അവരുടെ വളർച്ച കണ്ട ഒരാളാണ് ഞാൻ. അതിന് ശേഷം രാഷ്ട്രീയത്തിലെ വടവൃക്ഷമായ ഇവർക്ക് വേണ്ടി എത്രയോ രാത്രികളിൽ ചുമരെഴുതാനും കൊടിപിടിക്കാനുമൊക്കെ ഞാൻ നടന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ രാഷ്ട്രീയമല്ല പറയുന്നത്. അവരോട് പെരുമ്പാവൂരുകാർക്ക് അത്രയും സ്നേ​ഹമുണ്ട്. ഇതിനകത്ത് രാഷ്ട്രീയം ഒന്നുമില്ല. ഏകദേശം ഒരുമാസം മുൻപ് മകൻ സക്കീറിനെ വിളിച്ച് വാപ്പയെ ഒന്ന് കാണണമെന്ന് പറഞ്ഞു. വാപ്പ വീട്ടിലുണ്ടെന്ന് സക്കീർ പറഞ്ഞു. ഞാൻ ഇവിടെ വന്നു. ഒരു മണിക്കൂറോളം മുറിയിലിരുന്ന് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഒന്നും മറന്നിട്ടില്ല. പെരുമ്പാവൂരിലെ പഴയ ഒരുപാട് കാര്യങ്ങൾ, കഴിഞ്ഞ 50 വർഷക്കാലത്തെ ഒരുപാട് കാര്യങ്ങൾ പരസ്പരം സംസാരിക്കാൻ സാധിച്ചു.

ഇത്രയും വലിയ ലെജന്‍ഡ്സിന്റെ കാലത്ത് ജീവിക്കാനായി. അവരുടെ കൂടെ ജനിച്ച് വളർന്ന് യാത്ര ചെയ്യാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാ​ഗ്യത്തിലൊന്നാണ്. ഞാൻ സിനിമയിലെത്തിയതിന് ശേഷം എന്റെ ഓരോ വളർച്ചയിലും ഇവരുടെ ഒക്കെ പങ്ക് വലുതാണ്. ഇവരുടെ ഒക്കെ അനു​ഗ്രഹം എപ്പോഴും കൂടെത്തന്നെയുണ്ടാകും. എല്ലാ പ്രാർഥനകളും’, ജയറാം പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു ടി.എച്ച്. മുസ്തഫയുടെ അന്ത്യം. 1977-ൽ ആലുവയിൽനിന്നാണ് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1982, 1987, 1991, 2001 വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

Top