ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലായിരുന്നു താമസിച്ചിരുന്നത്.‌

രാജസ്ഥാനിലെ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷ്ണൽ സ്കൂൾ ഓഫ് ​ഡ്രാമയിൽ ചേർന്നു. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

2003 ൽ പുറത്തിറങ്ങിയ ഹാസിൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ഇർഫാന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാകുകയും ചെയ്തു. സൂപ്പർതാര പരിവേഷത്തിൽ താൽപര്യമില്ലാത്ത ഇർഫാൻ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. ദ ലഞ്ച് ബോക്സ്, പാൻ സിങ് തോമർ, തൽവാർ, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബെെ മേരി ജാൻ, കർവാൻ, മഡാരി, ലെെഫ് ഇൻ എ മെട്രോ, പീകു, ബ്ലാക്ക് മെയിൽ, ഹെെദർ, യേ സാലി സിന്ദ​ഗി, ഖരീബ് ഖരീബ് സിം​ഗിൾ, ദ വാരിയർ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. അംഗ്രേസി മീഡിയമാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ഹോളിവുഡിൽ സ്ലം ​ഡോ​ഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലെെഫ് ഓഫ് പെെ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പാൻ സിം​ഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അം​ഗീകാരങ്ങൾ ഇർഫാനെ തേടിയെത്തി. 2011 ൽ കലാരം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

Top