സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്; ഹരീഷ് പേരടി

സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ തീരുമാനത്തിനോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. അല്‍ഫോണ്‍സ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു. എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണമെന്നും ഹരീഷ് പേരടി പറഞ്ഞു. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമാ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞത്.

‘അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു. എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം. അതിന് താങ്കള്‍ സിനിമ ചെയ്‌തേപറ്റു. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും. സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന്. നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് . നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്. നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ദ്‌നായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍. പ്ലീസ് തിരിച്ചുവരിക. ഞങ്ങളെ രക്ഷിക്കുക. നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു. കേരളം മുഴുവന്‍ കൂടെയുണ്ട്. സിനിമ ചെയ്‌തേ പറ്റു’, ഹരീഷ് പേരടി കുറിച്ചു.

 

Top