ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി ‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ദുൽഖർ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ റിവ്യുകൾ കേൾക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകൾ പങ്കിടുക’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി.

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്.

Top