ജിബൂട്ടിയില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ ദിലീഷ് പോത്തന്റെ കൊവിഡ് ഫലം നെഗറ്റീവ്

ജിബൂട്ടിയില്‍ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തന്‍ ഇക്കാര്യം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജിബൂട്ടിയിലേക്ക് പോയതായിരുന്നു ദിലീഷ് പോത്തനും. അവിടെ നിന്ന് തിരികെ വന്നതിനു ശേഷം സിനിമാ സംഘം ക്വാറന്റീനിലായിരുന്നു.

ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക് ഡൗണ്‍ മൂലം ജിബൂട്ടിയില്‍ കുടുങ്ങുകയായിരുന്നു ഇവര്‍. ഏപ്രില്‍ 14ന് ഷൂട്ടിംഗ് കഴിഞ്ഞ് ജിബൂട്ടിയില്‍ പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു സംഘം. ജിബൂട്ടി ഗവണ്‍മെന്റും ചിത്രത്തിന്റെ നിര്‍മാതാവായ ജോബി പി സാമും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ദിലീഷ് പോത്തനെ കൂടാതെ അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമ നിര്‍മിക്കുന്നത് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ്. ശകുന്‍ ജസ്വള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വില്‍സണ്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങിയവരും സിനിമയിലുണ്ട്.

Top