നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി സുപ്രീംകോടതി നല്‍കി. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്‌.ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ്‌ ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്.

മെമ്മറി കാര്‍ഡ് നല്‍കുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസര്‍ക്കാരും വാദിച്ചപ്പോള്‍, അത് രേഖയാണെങ്കില്‍ പകര്‍പ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ കൈമാറുന്നിന് ഉപാധികൾ വെക്കാമെന്നും ദൃശ്യങ്ങൾ ചോരാതിരിക്കാൻ വാട്ടര്‍മാര്‍ക്കിട്ട് നൽകിയാൽ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.

കാര്‍ഡിലെ ‌ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.

Top