‘ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു സംഭവം’ ; കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ

Actor dileep movie

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായുള്ള ദിലീപിന്റെ രൂപമാറ്റമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്.

രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കമ്മാരസംഭവം വിഷുവിനു തിയേറ്ററുകളില്‍ എത്തും.

തെന്നിന്ത്യയിലെ പ്രമുഖ യുവതാരം സിദ്ധാര്‍ത്ഥും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീഗോപിയും സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക.

കമ്മാരസംഭവത്തിൽ ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നിൽ. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.

Top