നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറണം; അസാധാരണ നീക്കവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറണമെന്ന് ആവശ്യവുമായി നടന്‍ ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണു ദിലീപിന്റെ വാദം.

ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡിവൈഎസ്പി ബിജു പൗലോസിനോട് നിര്‍ദേശിക്കണമെന്നുമാണ് അസാധാരണമായ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണു വിചാരണ കോടതിയിലെയും നീക്കം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാന്‍ അനുമതിയില്ല. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.

Top