ക്രൈംബ്രാഞ്ചിനെ അമ്പരപ്പിച്ച നീക്കം, ദിലീപിനെതിരായ കേസ് റദ്ദാക്കപ്പെടുമോ ?

കൊച്ചി: മാധ്യമങ്ങളും ദിലീപിന്റെ ശത്രുക്കളും ‘കൊട്ടിഘോഷിച്ച’ വധഗൂഢാലോചനക്കേസിന്റെ നിലനില്‍പ് തന്നെ അവതാളത്തിൽ. ഇക്കാര്യത്തിൽ കടുത്ത സംശയമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് ഹൈക്കോടതിയാണ്.വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കോടതിയുടെ നിലപാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും അമ്പരപ്പിച്ചിരിക്കുകയാണ്. കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്നാണ് ദിലീപും കോടതിയില്‍ തുറന്നടിച്ചിരിക്കുന്നത്.

ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനില്‍പും പരിശോധിച്ചാണ് കോടതി സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് .വെറുതേ പറയുന്നത് വധഗൂഢാലോചനയാകുമോ എന്നായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. കേസ് നിലനല്‍ക്കണമെങ്കില്‍ ഗൂഢോലചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചയ്യേണ്ടതില്ലേ എന്നും കോടതി ആരാഞ്ഞു. ഈ ചോദ്യങ്ങൾ പ്രോസിക്യൂഷനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു.ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയെങ്കിലും, ആ വാദത്തിൽ പോലും പതർച്ച പ്രകടമായിരുന്നു. ബാലചന്ദ്രകുമാര്‍ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നത്.

കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ശക്തമായ ഭാഷയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുന്‍കൂര്‍ജാമ്യ ഉത്തരവില്‍ തന്ന കോടതിവ്യക്തമാക്കിയ കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിച്ചിട്ടുള്ളതെന്നും, അന്വേഷണത്തിന്റെ പേരില്‍ 84വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജിയിൽ നാളെയും കോടതിയിൽ വാദം തുടരും.

Top