Actor Dhanush, whose son? Doubts aggravated the laser treatment reported

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ധനുഷ് ആരുടെ മകനാണെന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം സങ്കീര്‍ണ്ണമാകുന്നു. പുറത്ത് വരുന്ന വിവരങ്ങള്‍ ധനുഷിനെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമല്ല.

ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്.

ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന്‌ കണ്ടെത്തിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌ . കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി.

വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആശു്പത്രി രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതിമാര്‍ അവകാശപ്പെട്ടതു പോലെ തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നതും ധനുഷ് നിഷേധിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി ഡി എന്‍ എ പരിശോധനക്ക് കോടതി തയ്യാറാകുമോ എന്നാണ് നിയമകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ വാങ്ങിയ ധനുഷ് തമിഴകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മരുമകന്‍ കൂടി ആയതിനാല്‍ തമിഴ് ചലച്ചിത്ര ലോകവും എന്തിനേറെ തമിഴകം മൊത്തവും കോടതി വിധിക്കായി കാത്തിരിക്കുകയാണ്.

‘ഞങ്ങള്‍ മാതാപിതാക്കള്‍ അല്ല, എന്ന് ധനുഷ് പറഞ്ഞാല്‍ പിന്നെ അവകാശവാദവുമായി വരില്ലന്നാണ് ‘ ഒരു ചാനല്‍ പരിപാടിയില്‍ ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ പറഞ്ഞിരുന്നത്.

Top