നടന്‍ ആസിഫ് അലിക്കും യുഎഇ ഗോള്‍ഡന്‍ വിസ

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലിയും കുടുംബവും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്!ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്!തൂമിനും ഈ രാജ്യത്തിന്റെ മറ്റു നേതാക്കള്‍ക്കും നന്ദി. ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്റെ രീതി എന്നില്‍ എല്ലായ്‌പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബന്ധപ്പെട്ടതുപോലെ തോന്നുന്നു’, ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

Top