തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായത് ; ദേവന്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവന്‍. ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവന്‍ തൃശൂരില്‍ പറഞ്ഞു. ഭീമന്‍ രഘു, രാജസേനന്‍ എന്നിവര്‍ രാഷ്ട്രീയക്കാരല്ല. ഒരു ഗ്ലാമറിന്റെ പേരില്‍ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നതെന്നും ദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

Top