actor ajith support Jayalalithaa’s niece Deepa

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം കൈപിടിയിലൊതുക്കിയ ശശികല ജയയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മത്സരത്തിനിറങ്ങിയാല്‍ ചെറുക്കാന്‍ നടന്‍ അജിത്തും രംഗത്തുണ്ടാകുമെന്ന് അഭ്യൂഹം.

ജയലളിതയുടെ സഹോദരപുത്രി ദീപ ശശികലക്കെതിരെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണെങ്കില്‍ അവരെ അജിത്ത് പിന്‍തുണയ്ക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ജയയുടെ പിന്‍ഗാമിയായി അജിത്ത് വരണമെന്ന ആഗ്രഹം ജയലളിതക്ക് ഉണ്ടായിരുന്നെങ്കിലും അവരുടെ ആ ആഗ്രഹം ശശികലയും സംഘവും അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപം തമിഴകത്ത് ശക്തമാണ്.

രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധമായി ഇതുവരെ മനസ്സ് തുറക്കാത്ത അജിത്ത് അണ്ണാഡിഎംകെയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അജിത്തിന് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുടിവയ്ക്കപ്പെട്ടതിലും കടുത്ത അതൃപ്തിയുണ്ട്.

ശശികലയുടെ നേതൃത്വം അംഗീകരിക്കാത്ത അണ്ണാഡിഎംകെയിലെ നല്ലൊരു വിഭാഗം അനുയായികളും ആഗ്രഹിക്കുന്നത് അജിത്തിനെയും ദീപയേയുമാണ്.

തല്‍ക്കാലം അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ല എന്ന് അജിത്ത് തീരുമാനിച്ചാല്‍ ദീപക്ക് പിന്‍തുണ നല്‍കിയേക്കുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ആര്‍.കെ നഗര്‍ വഴി മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന ശശികലക്ക് വലിയ വെല്ലുവിളിയായി അത് മാറും.

തമിഴ്‌നാട്ടില്‍ അതിശക്തമായ ഫാന്‍സ് അസോസിയേഷനുള്ള താരമാണ് അജിത്ത്. മാത്രമല്ല അദ്ദേഹത്തിന്റെ ലക്ഷകണക്കിന് ആരാധകരില്‍ നല്ലൊരു പങ്കും അണ്ണാഡിഎംകെ പ്രവര്‍ത്തകരും അനുഭാവികളുമാണ്.

വരും ദിവസങ്ങളില്‍ തമിഴകം കലങ്ങി മറിയുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.

അണ്ണാഡിഎംകെ നേരിടുന്ന വെല്ലുവിളിയില്‍ നേട്ടം കൊയ്യാന്‍ ഡിഎംകെയും ആര്‍.കെ നഗറിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ മണ്ഡലത്തില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം തന്ത്രപരമായ സമീപനം സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Top