Actor Ajith and Vijays political entry

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല വരുന്നതോടെ രാഷ്ട്രീയരംഗത്ത് സജീവമാകാനൊരുങ്ങി നടന്‍ വിജയ്.

അണ്ണാഡിഎംകെ അണികളെ സംഘടിപ്പിച്ച് ജയലളിതയുടെ പിന്‍ഗാമിയാകാന്‍ നടന്‍ അജിത്ത് തയ്യാറാകുന്നില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇളയദളപതി ഗോദയിലുണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്ത സുഹൃത്തുക്കള്‍ കൂടിയായ വിജയ്‌യും അജിത്തും നിലവിലെ തമിഴ്‌നാട് രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചതായാണ് സൂചന.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ അണ്ണാഡിഎംകെ എംപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹചര്യത്തെയും അതീവ ഗൗരവമായാണ് തമിഴ് സിനിമാ ലോകം കാണുന്നത്.

ജയലളിത മുഖ്യമന്ത്രി മാത്രമായിരുന്നില്ല തങ്ങളില്‍ ഒരാളായിരുന്നുവെന്നതും താരങ്ങള്‍ക്കിടയില്‍ വൈകാരികമായ വികാരമുയര്‍ത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ നടത്തി ആശങ്കകള്‍ അകറ്റണമെന്നാണ് താരങ്ങളുടെ അഭിപ്രായം. രജനികാന്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കും ഇതേ നിലപാടാണ് ഉള്ളത്.

ആരാധകര്‍ ‘തല’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന നടന്‍ അജിത്ത് അണ്ണാഡിഎംകെയെ നയിക്കണമെന്ന സമ്മര്‍ദ്ദം ഒരു വിഭാഗം നേതാക്കളും അണികളില്‍ മഹാഭൂരിപക്ഷവും നടത്തുന്നുണ്ടെങ്കിലും അജിത്ത് ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

എന്നാല്‍ ജയലളിതയുമായി ഏറെ അടുപ്പം സൃഷ്ടിച്ചിരുന്ന അദ്ദേഹത്തിന് മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥതതയുണ്ടാക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ പോലും അത്‌കൊണ്ട് മാത്രം തൃപ്തിപ്പെടുന്ന മാനസികാവസ്ഥയിലല്ല ജനങ്ങളും താരങ്ങളും.

മുഖ്യമന്ത്രിയായി തന്നെ ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാതെ അര്‍ദ്ധരാത്രി തന്നെ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചതിലും ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെയും ശശികലയുടെ നീക്കത്തേയും സംശയത്തോട് കൂടിയാണ് പ്രബലവിഭാഗം വീക്ഷിക്കുന്നത്.

തമിഴ്‌നാട്ടില്‍ മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ മാത്രമേ നീതിയുക്തമായ അന്വേഷണം നടക്കുവെന്ന വിശ്വാസമാണ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്ന മുറക്ക് ഇടപെടല്‍ നടത്തി രംഗത്ത് വരാനാണ് യുവതാരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും നീക്കമെന്നാണ് സൂചന.

വേണ്ടി വന്നാല്‍ രാഷ്ട്രീയ മാറ്റത്തിനായി ഇരുവരും സംയുക്ത റാലികള്‍ നടത്താന്‍ പോലും തയ്യാറായേക്കുമെന്നാണ് ഇവരോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ശശികല അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായാല്‍ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയ പ്രവേശത്തിന് ഉചിതമായ സമയമാണിതെന്ന ധാരണ അജിത്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ക്കിടയിലുണ്ട്.

താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുന്നതോടെ രംഗത്തിറങ്ങുമെന്നാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

ആരാധകര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ടെങ്കിലും വിജയ്‌യും അജിത്തും അടുത്ത സുഹൃത്തുക്കള്‍ കൂടിയായതിനാല്‍ ഇവരില്‍ ഒരാള്‍ രംഗത്തിറങ്ങിയാല്‍ മറ്റേയാള്‍ പിന്‍വലിയാനാണ് സാധ്യത.

എന്നാല്‍ രാഷ്ട്രീയമാറ്റത്തിനായുള്ള പ്രചരണങ്ങളിലും റാലികളിലും രണ്ട്‌പേരും സംയുക്തമായി നേതൃത്വം കൊടുക്കാനുള്ള സാധ്യത കൂടുതലാണ് താനും. ഇനി രജനികാന്ത് ബദലായി ഇറങ്ങുകയാണെങ്കില്‍ പിന്‍തുണ നല്‍കാനാണ് ഇരുവരുടെയും നീക്കമത്രെ.

എന്ത് ‘വില’ കൊടുത്തായാലും അത് ഭരണമാറ്റമായാല്‍ പോലും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്ത് കൊണ്ടുവന്നിരിക്കുമെന്ന വാശിയിലാണ് താരപ്പട.

അതേസമയം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ജയലളിതയുടെ പിന്‍ഗാമിയായി ശശികലയെ അവരോധിക്കാനുള്ള നീക്കത്തില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നടി ഗൗതമിയുടെ കത്ത് സാധാരണക്കാരന്റെ സംശയമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയലളിത 75 ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഇക്കാലമത്രയും ആശുപത്രിയില്‍ എന്താണ് നടന്നതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടു മതി ശശികലയുടെ സ്ഥാനാരോഹണമെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന പ്രവര്‍ത്തകരുടെ നിലപാട്.

നേരത്തെ, ജയലളിതയുടെ ചികില്‍സയും മരണവും സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത്. ജയലളിതയുടെ ആശുപത്രി പ്രവേശം, ചികില്‍സ, ആരോഗ്യനിലയിലുണ്ടായെന്നു പറയപ്പെടുന്ന പുരോഗതി, പെട്ടെന്നുള്ള മരണം തുടങ്ങിയവ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ടെന്ന് ഗൗതമി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവിടാതെ സൂക്ഷിക്കുകയായിരുന്നുവെന്നും ഗൗതമി ആരോപിച്ചിട്ടുണ്ട്.

Top