ന്യൂസീലന്‍ഡില്‍ എന്നെ നോക്കാനോ വിലയിരുത്താനോ ആരുമില്ല; അബ്ബാസ്

കാതല്‍ദേശം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മിന്നലേ, കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും സുപരിചിതനായ നടനാണ് അബ്ബാസ്. 1990കളുടെ അവസാനത്തില്‍ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമകളിൽ നിന്ന് മാറി വിദേശത്തേക്ക് ചേക്കേറിയിരുന്നു. ന്യൂസീലൻഡിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നാണ് തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

“ന്യൂസീലന്‍ഡില്‍ എന്നെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. പിന്നീട് ബൈക്ക് മെക്കാനിക്കായും ജോലി ചെയ്തു. എന്നെ സംബന്ധിച്ച് അതേറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു. പിന്നീട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. നമ്മുടെ അഹം ബോധത്തെ ഇല്ലാതാക്കന്‍ ഈ അനുഭവങ്ങളെല്ലാം എന്നെ സഹായിച്ചു.” അബ്ബാസ് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ ആത്മഹത്യ പ്രവണതയുള്ള ഒരാളായിരുന്നു താനെന്നും അതിനാൽ ആത്മഹത്യാ പ്രവണതയുള്ള കൗമരപ്രായക്കാരെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി ഇതിനിടയിൽ താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായും അബ്ബാസ് കൂട്ടിച്ചേർത്തു. തന്റെ അനുഭവങ്ങളിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് സിനിമയിലെ നേട്ടങ്ങളേക്കാള്‍ വലുതാണതെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു.

Top