കുതിരയ്ക്ക് ബിജെപി പതാകയുടെ പെയിന്റടിച്ച് പ്രവര്‍ത്തകര്‍; പിഎഫ്എ പരാതി നല്‍കി

ഇന്‍ഡോര്‍: കുതിരക്ക് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ച സംഭവത്തില്‍ ബിജെപി എംപി മനേക ഗാന്ധിയുടെ സന്നദ്ധ സംഘടനയായ പിഎഫ്എ പരാതി നല്‍കി. പാര്‍ട്ടിയുടെ ജന്‍ ആശീര്‍വാദ യാത്രയിലാണ് പ്രവര്‍ത്തകര്‍ കുതിരയ്ക്ക് പെയിന്റടിച്ചത്. വിഷയത്തില്‍ സംഘടന ഇന്‍ഡോര്‍ പൊലീസിലാണ് പരാതി നല്‍കിയത്.

കുതിരയെ വാടകയ്‌ക്കെടു ത്ത് ബി.ജെ.പി. പതാകയുടെ പെയിന്റടിച്ചത് മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണെന്ന് പരാതിയില്‍ പറയുന്നു. പി.എഫ്.എയുടെ പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ബിജെപി സംഘടിപ്പിച്ച പരിപാടിയാണ് ജന്‍ ആശീര്‍വാദ യാത്ര. 22 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഈ വര്‍ഷാവസാനത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ ആസന്നമായിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയതെന്നാണ് വിവരം.

Top