ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് വധക്കേസുകള്‍ക്ക് പിന്നില്‍ ഒരേ സംഘം; അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, എം.എം കല്‍ബുര്‍ഗി എന്നിവരുടെ മരണത്തിന് പിന്നില്‍ ഒരേ വലതുപക്ഷ സംഘമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മൂന്ന് കേസുകളിലെയും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ധബോല്‍ക്കര്‍, ലങ്കേഷ്, കല്‍ബുര്‍ഗി കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പരസ്പര ബന്ധമുണ്ടെന്നും ഇവര്‍ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിക്കുന്നതിനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. 2013 ആഗസ്റ്റില്‍ പൂനെയില്‍ വച്ചാണ് ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. പന്‍സാരെ 2015 ഫെബ്രുവരിയിലും കൊല ചെയ്യപ്പെട്ടു.

2015 ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് വീണത്. കഴിഞ്ഞ വര്‍ഷമാണ് സ്വവസതിയില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടി കൂടിയ കേസില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാംസ്‌ക്കാരിക നേതാക്കളുടെ കൊലപാതകങ്ങളിലടക്കം ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ പത്ത് പേരില്‍ ഒരാളായ ഷരദ് കലസ്‌ക്കര്‍ തനിക്ക് ധബോല്‍ക്കര്‍ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി. ഇതാണ് കേസില്‍ വഴിത്തിരിവായത്.

ധബോല്‍ക്കര്‍ കേസില്‍ സിബിഐ സച്ചിന്‍ അന്ദേര എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കലസ്‌ക്കര്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ വെടിവച്ച് കൊന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വീഗേന്ദര്‍ സിംഗ് ദവാഡേ എന്നയാളെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് മൂന്ന് കൊലപാതകങ്ങളുടെയും പിറകിലെ സൂത്രധാരന്‍. ഗൗരി ലങ്കേഷ് കൊലപാതകം അന്വേഷിക്കുന്ന കര്‍ണ്ണാടക പൊലീസ് അമോള്‍ കലെ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഡയറിയില്‍ നിന്ന് മറ്റ് കൊലപാതകങ്ങളിലെ പ്രതികളുടെ നമ്പറുകള്‍ ലഭിച്ചു.

സംസ്ഥാനത്തെ സ്‌ഫോടക വസ്തു കേസുകളുമായി ബന്ധപ്പെട്ട പലര്‍ക്കും ലങ്കേഷ് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗൗരി ലങ്കേഷ്-കല്‍ബുര്‍ഗി വധക്കേസിലെ ആളുകള്‍ക്ക് തമ്മില്‍ ബന്ധമുണ്ടെന്ന് സിബിഐ നേരത്തെ പറഞ്ഞിരുന്നു.

Top