പാമ്പ് പിടിത്തം: പ്രിയങ്കയ്‌ക്കെതിരെ പരാതിയുമായി അഭിഭാഷക

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്തതിനാണ് പ്രിയങ്കക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഗൗരി മൗലേഖി രംഗത്തത്തിയത് .പി വൈല്‍ഡ്ലൈഫ് വാര്‍ഡന് അവര്‍ കത്തയച്ചിട്ടുണ്ട്.

പ്രിയങ്ക തൊട്ടത് അനധികൃതമായി പിടികൂടിയ പാമ്പുകളെയാണ് അവരുടെ നടപടി പാമ്പുകളെ തൊടുന്നതിനും പിടികൂടുന്നതും മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും കത്തില്‍ ആരോപിക്കുന്നു. പാമ്പുപിടിത്തം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തെ പാമ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. ഈ സാഹചര്യത്തില്‍ പ്രിയങ്കാഗാന്ധിക്കും അവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി വേണമെന്നാണ് അഭിഭാഷകയുടെ ആവശ്യം.പ്രിയങ്ക നിയമം ലംഘിച്ചുവെന്ന് തെളിയിക്കാന്‍ മാധ്യമ വാര്‍ത്തകളും വീഡിയോകളും അവര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

യു.പിയിലെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നതിനിടെ പാമ്പാട്ടികള്‍ക്കൊപ്പം ഇരുന്ന് പ്രിയങ്ക പാമ്പുകളെ കൈയിലെടുക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷജീവികളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് അവര്‍ മറുപടി നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Top