അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോരായ്മകള്‍ എടുത്തുപറഞ്ഞും അത് പരിഹരിക്കാനുള്ള മാര്‍ഗരേഖ വിശദീകരിച്ചും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭാരാവാഹികള്‍ക്ക് യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ചുമതലകള്‍ കൃത്യമായി വീതിച്ചു നല്‍കും. ചുതമല നിര്‍വഹണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. കാര്യക്ഷമമല്ലെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റും. നിശ്ചയിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാത്തവരെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നതെന്ന് സുധാകരന്‍ പറഞ്ഞു

പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡിസിസി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്. അതിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. എല്ലാ നിയോജക മണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പ്രവര്‍ത്തകരുടെ അച്ചടക്കരാഹിത്യമാണ്. മറ്റേത് പാര്‍ട്ടിയേക്കാളും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിലുണ്ട്. പക്ഷേ പാര്‍ട്ടി ഫോറത്തിനകത്താകണം. ഫെയ്സ്ബുക്കിലും മാധ്യമങ്ങളിലും അഭിപ്രായം പറഞ്ഞ് പാര്‍ട്ടിയേയും നേതാക്കളേയും അവഹേളിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കാനാണ് തീരുമാനം.

പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. ഇതിനെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയവരായാലും ചെറിയവരാണെങ്കിലും നടപടിയുണ്ടാകും. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഗൗരവമായ പ്രതികരണങ്ങളും നടപടിയുമുണ്ടാകും.

അടത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള നേതാക്കളോട് എല്ലാവരോടും ആവശ്യപ്പെടാനുള്ളത്, പാര്‍ട്ടി വേണോ ? കോണ്‍ഗ്രസ് നിലനില്‍ക്കണോ ? എങ്കില്‍ അച്ചടക്കത്തോട് പാര്‍ട്ടിയില്‍ നില്‍ക്കണമെന്നാണ് കെപിസിസിക്ക് ആവശ്യപ്പെടാനുള്ളത്. നേതൃത്വം ഉയര്‍ന്നുവരേണ്ടത് ഫ്ളക്സില്‍ നിന്നല്ല. ജനങ്ങളില്‍ നിന്നാണ്. സമരമുഖങ്ങളില്‍ നിന്നാണ്. ജനങ്ങളുടെ പ്രതിസന്ധികളില്‍ നിന്നാണ് നേതൃത്വം ഉയര്‍ന്നുവരേണ്ടതെന്ന് നേതാക്കളെ ഓര്‍മിപ്പിക്കുന്നു.
ഒരേ സമയം ഒന്നിലധികം പദവികള്‍ പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കില്ല. ഒരാള്‍ക്ക് ഒരു പദവി എന്നത് എല്ലാ തലങ്ങളിലും നടപ്പാക്കും. അച്ചടക്ക പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജില്ലയിലും സംസ്ഥാന തലത്തിലുമുള്ള കമ്മിറ്റി ഒരാഴ്ച്ചക്കകം നിലവില്‍ വരും.

ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും കൃത്യമായ നിയന്ത്രണം കൊണ്ടുവരും. എത്ര തവണ ബാങ്കിന്റെ ഡയറക്ടറാകാം പ്രസിഡന്റാകാം എന്നതിന് മാനദണ്ഡമുണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളുണ്ട്. അതുപൂര്‍ണ്ണമായും തുടച്ചുനീക്കം. ഒരു സഹകരണ സെല്‍ എല്ലാ ജില്ലയിലുമുണ്ടാകും. അവരുടെ പരിധിയിലാകും ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചയിക്കുക. പരമാവധി രണ്ടു തവണ മാത്രമേ അവസരം നല്‍കൂ. അനിവാര്യ ഘട്ടത്തില്‍ മൂന്ന് തവണ വരെയാകാം.

കോണ്‍ഗ്രസിന്റെ ജാഥ, പൊതുയോഗം, പത്രസമ്മേളനം എന്നിവിടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത ഇനി ഉണ്ടാകില്ല. ആവശ്യമുള്ള ആളുകള്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുകയുള്ളൂവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

Top