മലപ്പുറം ചുവപ്പിക്കാൻ സി.പി.എമ്മിന് കർമ്മ പദ്ധതി, മുസ്ലീം ലീഗിന് ആശങ്ക

മുസ്ലീം ലീഗിലെ കലാപക്കൊടിയില്‍ അന്തംവിട്ടിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വമാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ പ്രതിസന്ധിയാണ് നിലവില്‍ ലീഗ് അഭിമുഖീകരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ ഇടതുപക്ഷത്തേക്ക് നീങ്ങുമോ എന്ന ആശങ്ക ലീഗിനു മാത്രമല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗിന് ബദല്‍ തീര്‍ക്കുകയാണ് ഇടതുപക്ഷ നീക്കമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വവും ലീഗിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ മന്ത്രി കെ.ടി.ജലീല്‍ മന്ത്രിമാരായ വി അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍ കോവില്‍, എം.എല്‍.എമാരായ പി.വി അന്‍വര്‍, പി.ടി.എ റഹീം തുടങ്ങിയവരെയും ഐ.എന്‍.എല്ലിനെയും മുന്‍ നിര്‍ത്തി മലബാറിലെ ലീഗ് കോട്ടകള്‍ തകര്‍ക്കാനാണ് സി.പി.എം ശ്രമമെന്നാണ് ആരോപണം.

ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഈ വിഭാഗത്തോടൊപ്പം ചേരുവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗുള്ളത്. സംസ്ഥാന നേതൃയോഗം ചേര്‍ന്ന് ഒറ്റക്കെട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ മുസ്ലീംലീഗ് നേതൃത്വം ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു വിഭാഗം നേതാക്കളിലും അണികളിലും ഇപ്പോഴും രോക്ഷം പുകയുകയാണ്. നേതൃത്വത്തിന്റെ വിശദീകരണത്തില്‍ അവരും തൃപ്തരല്ലന്ന് വ്യക്തം. അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്രമണത്തിലൂടെ കെ.ടി ജലീല്‍ വീണ്ടും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ജലീലിന് വിവരങ്ങള്‍ നല്‍കുന്നത് തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് കുഞ്ഞാലിക്കുട്ടി വിഭാഗത്തെ മാത്രമല്ല പാണക്കാട് തറവാടിനെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. തങ്ങള്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ പോലും ഇടതു പാളയത്തില്‍ എത്തരുതെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുമുള്ളത്. അങ്ങനെ സംഭവിച്ചാല്‍ കേരള ഭരണം പിടിക്കുക എന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നതാണ് കോണ്‍ഗ്രസ്സിന്റെ ഭയം.

ഇപ്പോഴത്തെ വിവാദത്തില്‍ പരസ്യമായി ഇടപെട്ടിട്ടില്ലങ്കിലും മുസ്ലീം ലീഗ് പ്രതിസന്ധിയിലായാല്‍ യു.ഡി.എഫ് സംവിധാനം പൂര്‍ണ്ണമായും തകരുമെന്ന കാര്യം കോണ്‍ഗ്രസ്സ് നേതാക്കളും പരസ്പരം പങ്കുവച്ചിട്ടുണ്ട്. നിലവില്‍ യു.ഡി.എഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലും പൊരിഞ്ഞ അടിയാണ് നടക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മിലാണ് രൂക്ഷമായ ഭിന്നതയുള്ളത്. ഏതു നിമിഷവും പിളരാം എന്നതാണ് ആ പാര്‍ട്ടിയിലെ അവസ്ഥ. ഈ സാഹചര്യത്തില്‍ ലീഗില്‍ കൂടി പിളര്‍പ്പുണ്ടായാല്‍ അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമാകും. അതുകൊണ്ട് തന്നെ തങ്ങള്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ ഇടതുപക്ഷ പാളയത്തിലെത്താതിരിക്കാനാണ് അവസാന നിമിഷവും യു.ഡി.എഫ് നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍, അത് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തില്‍ അവര്‍ക്കു തന്നെ ഒരുറപ്പുമില്ല എന്നതാണ് അവസ്ഥ.

ലീഗിലെ ഭിന്നത നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കെ.ടി ജലീല്‍ ശക്തി സമാഹരിച്ചതാണ് യു.ഡി.എഫ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുന്നത്. മന്ത്രിയായ ജലീലിനേക്കാള്‍ മന്ത്രി അല്ലാതിരിക്കുന്ന ജലീലിനെ ഭയക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹൈദരലി ശിഹാബ് തങ്ങളുടെ മകനെതിരെ നടപടി എടുത്താല്‍ വിവരം അറിയുമെന്ന് ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയ ജലീലിന്റെ നിലപാട് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലീഗ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി എടുത്താലും ഇല്ലങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ച് സാഹചര്യം അനുകൂലം തന്നെയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ ലീഗിന് വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ ലീഗ് കോട്ടകള്‍ തകര്‍ക്കുക എന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് സി.പി.എം സ്വതന്ത്രരായി വിജയിച്ച കെ.ടി ജലീല്‍, മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവരെ ഉള്‍പ്പെടെ മുന്‍ നിര്‍ത്തുന്നത്. ഇവരോടൊപ്പം ഐ.എന്‍.എല്ലും ശക്തമായി തന്നെ രംഗത്തുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ ചന്ദ്രിക വിവാദം കത്തിച്ചു നിര്‍ത്തുന്നതില്‍ ഐ.എന്‍.എല്‍ വഹാബ് വിഭാഗം നേതാക്കളാണ് ഏറെ സജീവമായിട്ടുള്ളത്. ലീഗില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ മുഈനലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം പാര്‍ട്ടി വിട്ട് ഈ വിഭാഗത്തോടൊപ്പം ചേരാനാണ് സാധ്യത. ഇവര്‍ക്ക് പിന്തുണയുമായി പ്രമുഖ സാമുദായിക സംഘടന കൂടി ചേരുമ്പോള്‍ ഈ വിഭാഗത്തിന് ശക്തിയും വര്‍ദ്ധിക്കും. മുസ്ലീംലീഗിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ആ പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. കുഞ്ഞാലിക്കുട്ടിയെ കൈവിട്ട് ഒരടി മുന്നോട്ട് പോകാന്‍ ലീഗ് നേതൃത്വത്തിന് കഴിയുകയില്ല. ആ പാര്‍ട്ടിയുടെ സെറ്റപ്പും അങ്ങനെയാണ്. ഇതിനെയാണ് മുഈനലി ശിഹാബ് തങ്ങളും ചോദ്യം ചെയ്തിരിക്കുന്നത്. നേതൃയോഗത്തിലെ പുതിയ തീരുമാനമൊന്നും ലീഗിലെ വിള്ളല്‍ അടയ്ക്കാന്‍ പര്യാപ്തമല്ല. അധികം താമസിയാതെ തന്നെ അത് വലിയ പൊട്ടിത്തെറിയില്‍ കലാശിക്കാനാണ് സാധ്യത.

തങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ എതിര്‍ശബ്ദം ഉയര്‍ന്നതാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രഹരമായത്. തല്‍ക്കാലം മറ്റു തങ്ങന്മാരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ അപ്രമാധിത്വത്തിന് ശരിക്കും മങ്ങലേറ്റിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് കഴിഞ്ഞില്ലങ്കില്‍ ഒരു യുഗത്തിനാണ് അതോടെ അന്ത്യമാവുക. ജലീലിന്റെ കയ്യില്‍ ഇനി എന്തൊക്കെ ആയുധങ്ങള്‍ ഉണ്ട് എന്നതും കാണാനിരിക്കുന്നതേയൊള്ളൂ. ഹൈദരലി ശിഹാബ് തങ്ങള്‍ കിടപ്പിലായത് തന്നെ കുഞ്ഞാലിക്കുട്ടി കാരണമാണെന്ന മകന്റെ പ്രതികരണമാണ് മുസ്ലീംലീഗ് നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയത്. ചന്ദ്രിക വിഷയത്തില്‍ ഇടപെടാന്‍ മുഈനലി ശിഹാബ് തങ്ങളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലന്ന ലീഗ് നേതൃത്വത്തിന്റെ വാദവും ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വന്നതോടെ പൊളിഞ്ഞിട്ടുണ്ട്. ഇനി കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കൂടി പിടിമുറുക്കിയാല്‍ കര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകും.

കേന്ദ്ര ഏജന്‍സി പക തീര്‍ക്കുന്നു എന്നു പറഞ്ഞ് പ്രതിരോധിക്കാന്‍ യു.ഡി.എഫിനും എളുപ്പത്തില്‍ കഴിയുകയില്ല. ഇടതുപക്ഷ നേതാക്കള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ നോട്ടീസ് അയച്ചപ്പോള്‍ അത് വലിയ വിവാദമാക്കുകയും മൊഴി എടുത്തപ്പോള്‍ ആഘോഷമാക്കുകയും ചെയ്തവരാണ് യു.ഡി.എഫ് നേതാക്കള്‍. വ്യക്തിപരമായി പോലും സി.പി.എം നേതാക്കളെ അവര്‍ വേട്ടയാടുകയുണ്ടായി. എന്നാല്‍, ചന്ദ്രിക ഇടപാടില്‍ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് മൊഴി എടുത്തപ്പോഴും നോട്ടിസ് നല്‍കിയപ്പോഴും അതിനെ ഒരിക്കലും വ്യക്തിഹത്യക്കായി ഇടതുപക്ഷം ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഹൈദരലി തങ്ങളെ പ്രതിരോധത്തിലാക്കാതെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് കെ ടി ജലീലും നിലപാട് കടുപ്പിച്ചിരിക്കുന്നത്. തന്ത്രപരമായ നിലപാടാണിത്. ലീഗുമായുള്ള കണക്കുകള്‍ പലിശ സഹിതം തീര്‍ക്കാന്‍ ജലീല്‍ ഇറങ്ങുമ്പോള്‍ ചങ്കിടിക്കുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനു കൂടിയാണ്.

Top