നടപടി ഒരു പക്ഷത്ത് മാത്രം പോര, പെണ്‍പടയ്ക്ക് എതിരെയും വേണം

ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തത് ശരിയാണെന്ന് ആര് പറഞ്ഞാലും എത് മാധ്യമങ്ങള്‍ വാദിച്ചാലും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല ആര്‍ക്കെതിരെയും അപവാദം പ്രചരിപ്പിക്കാന്‍ പാടുള്ളതല്ല. അതിനു പക്ഷേ നിയമം കയ്യിലെടുത്തത് കടുത്ത നടപടിയാണ്. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളോടെയാണ് യൂട്യൂബര്‍ വിജയ് പി നായരെ പെണ്‍പട കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മുണ്ടില്‍ കയറി പിടിച്ചതും കരിഓയല്‍ ഒഴിച്ചതും ആക്രമിച്ചതുമെല്ലാം ഞെട്ടിക്കുന്ന കാഴ്ചയാണ്. ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന നടപടിയല്ല അത്. ഇത്തരം നടപടികള്‍ പൊതു സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ‘ആണിന്റെ മേല്‍ കൈവച്ച ധീരത’ എന്നാണ് ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ വികാരത്തിനൊപ്പം നില്‍ക്കാന്‍ ഒരിക്കലും സാംസ്‌കാരിക കേരളത്തിന് കഴിയുകയില്ല.

സ്ത്രീകള്‍ക്കൊപ്പം എന്നും നില്‍ക്കുന്നവരാണ് പുരുഷസമൂഹം. സ്ത്രീകളോട് മോശമായി പെരുമാറാന്‍ ആളുകള്‍ മടിക്കുന്നതും ആണിന്റെ കൈ കരുത്തിനെ പേടിച്ചിട്ടാണ്. അല്ലാതെ പെണ്‍കരുത്ത് പേടിച്ചിട്ടല്ല. ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറിയവര്‍ തെരുവില്‍ അടിമേടിച്ച സംഭവങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പോലും കഴിയുന്നതല്ല. ഇവിടെ യൂട്യൂബറെ പരസ്യമായി തല്ലുകയും അസഭ്യം പറയുകയും ചെയ്യുക വഴി അയാളുടെ നിലവാരത്തിലേക്കാണ് ഭാഗ്യലക്ഷ്മിയും സംഘവും തരം താണിരിക്കുന്നത്. ലാപ് ടോപ്പും മൊബൈലുമെല്ലാം എടുത്ത് കൊണ്ട് പോയത് ശരിക്കും പറഞ്ഞാല്‍ ഒരു കവര്‍ച്ച തന്നെയാണ്. വീട് കയറി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും നിലനില്‍ക്കുന്നതാണ്.

ജാമ്യം പോലും ലഭിക്കാത്ത കുറ്റകൃത്യങ്ങളാണിത്. നിയമത്തിന്റെ മുന്നി, തെളിവുകളാണ് ശിക്ഷ വിധിക്കാന്‍ ആവശ്യമായിട്ടുള്ളത്. അതാകട്ടെ ഭാഗ്യലക്ഷ്മിയും സംഘവും ഇതിനകം തന്നെ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ആക്രമണ ദൃശ്യങ്ങള്‍ ലൈവായി പുറത്തു വിട്ടതും ചാനലിലിരുന്ന് വീമ്പിളക്കിയതും സ്വയം കുഴി തോണ്ടിയതിന് തുല്യമാണ്. ഈ എടുത്ത് ചാട്ടത്തിന് അഴിയെണ്ണേണ്ട സാഹചര്യമാണ് പെണ്‍പുലികളെ ഇനി കാത്തിരിക്കുന്നത്. വിജയ് പി നായര്‍ എന്ന യൂട്യൂബറെ സംബന്ധിച്ച് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയാണ്. അപകീര്‍ത്തികരമായ വീഡിയോയില്‍ ഭാഗ്യലക്ഷ്മിയുടെ പേര് പറഞ്ഞിട്ടില്ല എന്നത് അയാളുടെ പിടിവള്ളി തന്നെയാണ്. ഇത് കേസിന്റെ വിചാരണ ഘട്ടത്തില്‍ വിജയ് പി നായരുടെ അഭിഭാഷകന്‍ ഉന്നയിക്കുമെന്ന കാര്യവും ഉറപ്പാണ്.

ചുരുക്കി പറഞ്ഞാല്‍ അടിച്ചവനെ തന്നെ ഒടുവില്‍ ആശ്രയിക്കേണ്ട ഗതികേട് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഇനി വന്നു ചേരും. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന വീമ്പിളക്കല്ലൊന്നും ഈ ഘട്ടം വരുമ്പോള്‍ കാണുകയില്ല. സര്‍ക്കാര്‍ കനിഞ്ഞാല്‍ തല്‍ക്കാലം അറസ്റ്റ് ഒഴിവാക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ വിജയ് പി നായര്‍ കോടതിയെ സമീപിച്ചാല്‍ അതും പാളും. അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് നിര്‍ബന്ധിതവുമാകും. നിലവിലെ അവസ്ഥ വെച്ച് മൂന്നു പേര്‍ക്കും ജാമ്യം പോലും ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അടിച്ചതെന്ന് കോടതിയില്‍ പറഞ്ഞാല്‍ പിന്നെ വിചാരണ പോലും ആവശ്യമുണ്ടാകുകയില്ല. നേരെ ജയിലിലേക്ക് തന്നെ പോകാം.

ഈ കുറ്റസമ്മതം ഭാഗ്യലക്ഷ്മിയും സംഘവും നടത്തുമോ എന്നതാണ് കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഭാഗ്യലക്ഷ്മി എന്നല്ല ഒരു സ്ത്രീയും ഇവിടെ അപമാനിക്കാന്‍ പാടില്ല. അതിന് വേണ്ടി വന്നാല്‍ പ്രത്യേക ഓര്‍ഡിനന്‍സ് തന്നെ സര്‍ക്കാര്‍ കൊണ്ടു വരണം. ശിക്ഷ ഉറപ്പു വരുത്തിയാല്‍ ഇത്തരം ഞരമ്പുരോഗികള്‍ ഉടന്‍ തന്നെ പണി നിര്‍ത്തി പൊക്കൊളും. സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അഹങ്കാരം ആര്‍ക്കും തന്നെ പാടില്ല. നിയന്ത്രണം അനിവാര്യമാണ്. യൂട്യൂബില്‍ വരുന്ന ആഭാസങ്ങള്‍ക്കെതിരെ യൂട്യൂബ് അധികൃതര്‍ക്ക് തന്നെ റിപ്പോര്‍ട്ട് നല്‍കി അത്തരം അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ പൊലീസാണ് മുന്‍കൈ എടുക്കേണ്ടത്. ഈ ഇടപെടല്‍ പക്ഷേ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ഉണ്ടായിട്ടില്ല. അത് പൊലീസിന്റെ വലിയ പിഴവ് തന്നെയാണ്.

പരാതി കിട്ടയതിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് വിജയ് പി നായരെ പൊലീസ് വിളപ്പിച്ചില്ല എന്ന ചോദ്യത്തിന് ഡി.ജി.പിയാണ് മറുപടി പറയേണ്ടത്. ഒരു സ്ത്രീ നല്‍കിയ പരാതി പരിഗണിച്ച് ഈ യൂട്യൂബറുടെ വീട്ടില്‍ പരിശോധന നടത്താന്‍ എന്തായിരുന്നു തടസ്സമെന്നതും നാടിന് അറിയേണ്ടതുണ്ട്. താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയതിന് പ്രതികളെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്ത പൊലീസാണ് കേരളത്തിലുള്ളത്. തങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം നിയമ നടപടിയില്‍ മാറ്റം വരുത്തുന്നത് നിയമ പാലകര്‍ക്ക് ചേര്‍ന്ന രീതിയല്ല. പൊലീസിങ്ങിന്റെ പരാജയമാണിത്. നിയമം എല്ലാവര്‍ക്കും തുല്യമായാണ് നടപ്പിലാക്കേണ്ടത്.

യൂട്യൂബറെ തൊട്ടാല്‍ ‘കൈ’ പൊള്ളുമെങ്കില്‍ ഓര്‍ഡിനന്‍സ് വഴിയെങ്കിലും അത് മറികടക്കാന്‍ കഴിയണം. അതിനായാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാറിന് ശുപാര്‍ശ നല്‍കേണ്ടത്. പുതിയ നിയമനിര്‍മ്മാണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇനിയെങ്കിലും ഇത്തരം സ്ത്രീവിരുദ്ധതയ്ക്ക് തടയിടാന്‍ ഓര്‍ഡിനന്‍സ് സഹായകരമാകും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. അതു പോലെ തന്നെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ നിയമം കയ്യിലെടുത്തവര്‍ക്ക് നേരെയും നടപടി ഉടനെ വേണം. അതല്ലങ്കില്‍ നിയമവാഴ്ചയാണ് നാട്ടില്‍ തകരുക. ഇക്കാര്യവും സര്‍ക്കാര്‍ ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്.

Top