ശമ്പള വിതരണം വൈകിയാൽ കോടതിയലക്ഷ്യത്തിന് നടപടി; സി.എം.ഡിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി 

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ സി.എം.ഡിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ശമ്പള വിതരണം ഇനിയും വൈകിയാൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ടിവരുമെന്നാണ് കോടതിയുടെ താക്കീത്. ജൂലൈ മാസത്തെ ശമ്പളം ബുധനാഴ്ച്ചക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ന് ഹരജി പരിഗണിക്കവെ ശമ്പളം നല്‍കിയിട്ടില്ലെന്ന കാര്യം ജീവനക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കോടതി മുന്നറിപ്പ് നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി. അതേസമയം, എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചത്.

Top